വായന ഒരു സ്വകാര്യ സഞ്ചാരമാണ് . തനിയെ പുതിയ കാഴ്ചകൾ കാണാനും പുതിയ ആളുകളെ പരിചയപ്പെടാനുമുള്ള അവസരം .
എന്റെ ചെറുപ്പകാലത്തു റഷ്യയിൽ പ്രസിദ്ധീകരിച്ച ഒരു മാസിക വീട്ടിൽ വരുത്താറുണ്ടായിരുന്നു - മിഷ. മുഖചിത്രത്തിലെ സുന്ദരൻ കരടിയുടെ പേരായിരുന്നു മിഷ .നിറയെ കുട്ടി കഥകളും വര്ണചിത്രങ്ങളും ഉള്ള ഒരു മാസികാ വലിപ്പമുള്ള പുസ്തകം. എല്ലാ മാസവും പോസ്റ്റിൽ എനിക്കു മാത്രമായി വരുന്ന സമ്മാനപ്പൊതിക്യ്കായി ഞാൻ കാത്തിരുന്നിരുന്നു.
മിഷ ഓരോ പതിപ്പിലും പുതിയ കാഴ്ചകളും അറിവുകളുമായി വന്നു. യു.എസ്.എസ് .ആർ ഇലെ പല രാജ്യങ്ങളിലെയും നാടോടിക്കഥകളിലൂടെ ഞാൻ അന്ന് വരെ കാണാത്ത മായാലോകം സൃഷ്ടിച്ചു .കുസൃതി ചോദ്യങ്ങളും പദപ്രശ്നങ്ങളും തന്നു ചിന്തിപ്പിച്ചു.ശാസ് ത്രത്തിലെ പുതിയ കണ്ടുപിടിത്തങ്ങളെ പറ്റി അറിവ് പകർന്നു . എന്നാൽ എന്റെ ഏറ്റവും ഇഷ്ട പ്പെട്ട പേജ് ഇതൊന്നുമായിരുന്നില്ല. അതിലെ "ലെറ്റർ ടു പെൻ ഫ്രണ്ട് " എന്ന പേജായിരുന്നു.. ലോകത്തിന്റെ പല ഭാഗത്തുള്ളവർ ഈ മാസിക വഴി തൂലികാ സുഹൃത്തുക്കളാകുന്നത് എനിക്ക് വലിയ കൗതുകമായിരുന്നു എനിക്കും ഒരു തൂലിക സുഹൃത്തു വേണമെന്നു അമ്മയോട് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കുറച്ചു കൂടെ വലുതായിട്ടു മതി എന്നായിരുന്നു കിട്ടിയ ഉത്തരം.
വർഷങ്ങൾ കടന്നു പോയി . 1991 ആയി. അമ്മയുടെയും അച്ഛന്റെയും സമ്മതം വാങ്ങിയ ശേഷം മിഷയിലെ ഒരു അഡ്രസിലേക്കു കത്തെഴുതാൻ തീരുമാനിച്ചു. എന്നെ കുറിച്ച് ഒരു ആമുഖവും തൂലിക സുഹൃത്താവാനുള്ള ആഗ്രഹവും അറിയിച്ചു മാസികയ്ക്കു അയച്ച് കൊടുക്കാൻ ഒരു കത്ത് തയ്യാറാക്കി, മിഷയുടെ അടുത്ത ലക്കം വരൻ അക്ഷമയോടെ കാത്തിരിക്കുയായിരുന്നു ഞാൻ, എന്നാൽ ആ മാസം മിഷ വന്നില്ല . അടുത്ത മാസവും വന്നില്ല.
ആയിടക്കാണ് യു. എസ്.എസ്.ആർ തകർന്നതും വിഭജിക്കപ്പെട്ടതും. പിന്നീടാണ് ഞാൻ അറിഞ്ഞത് ഇതിനു മുൻപ് കിട്ടിയത് മിഷയുടെ അവസാനത്തെ പതിപ്പായിരുന്നു എന്ന്. അത് പുനരാരംഭിക്കുമെന്നു എനിക്കൊരു നേരിയ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും, മാസങ്ങൾ കഴിഞ്ഞിട്ടും വരാതായപ്പോൾ ഞങ്ങളും സുബ്സ്ക്രിപ്ഷൻ നിർത്തി. തൂലിക സുഹൃത്താവാനുള്ള എന്റെ മോഹം അങ്ങനെ പൂവണിഞ്ഞില്ലെങ്കിലും ആ കത്ത് എന്റെ മേശ വലിപ്പിൽ ഒരു പാട് നാൾ ഞാൻ സൂക്ഷിച്ചിരുന്നു..
ഇപ്പോൾ എന്റെ സഹപ്രവർത്തകിരിൽ വലിയ ഒരു സംഖ്യ ബെലറൂസിൽ ആണ് . റഷ്യൻ പേരുകളോട് സാമ്യമുള്ള സെർഗെയ്,ഡിമ, ദിമിറ്ററി തുടങ്ങിയ പേരുകൾ കേൾക്കുമ്പോൾ ഒരു അസാധാരണമായ പരിചയം തോന്നാറുണ്ട് . മിഷയിലെ കഥാപാത്രങ്ങളുടെയും എഴുത്തുകാരുടെയും പേരുകൾ മനസ്സിലെവിടെയോ താങ്ങി നില്പുള്ളത് കൊണ്ടാവാം അതെന്നു
ഈ അടുത്ത് എന്റെ ഒരു ഫേസ്ബുക് സുഹൃത്ത് "ഈ മാസിക ആരെങ്കിലും വായിച്ചുട്ടുണ്ടോ" എന്ന തലക്കെട്ടോടെ നൊസ്റ്റാൾജിയ ഉണർത്തുന്ന കുറച്ചു ചിത്രങ്ങൾ പോസ്റ്റ് ചെയ്തപ്പോളാണ് ഞാൻ മനസിലാക്കിയത്.
ഇന്ന് വായന ദിനമാണെന്നു അറിഞ്ഞപ്പോൾ എന്റെ ബാല്യത്തിൽ ഞാൻ ഏറെ ഇഷ്ടപെട്ട ഈ മാസികയെ കുറിച്ച് എഴുതാനൊരു ആഗ്രഹം തോന്നി.
ഈ വായനാദിനം നിങ്ങൾ നിധി പോലെ സൂക്ഷിച്ച പുസ്തകങ്ങളെ ഓർക്കാനുള്ള ഒരു സന്ദര്ഭമാവട്ടെ. ഇനിയും സ്വകാര്യ സഞ്ചാരങ്ങൾക്കു ടിക്കറ്റുമായി പുതിയ പുതിയ പുസ്തങ്ങൾ നിങ്ങളുടെ കയ്യിലെത്തട്ടെ. ഹാപ്പി ജേർണി !
പി.എസ് : ഞൻ വർഷങ്ങൾക്കു ശേഷം മലയാളത്തിൽ എഴുതുന്ന ബ്ലോഗ് പോസ്റ്റ് കൂടിയാണിത് . ട്രാൻസിലിറ്റെറേഷൻ ശീലമായിട്ടില്ലാത്തതുകൊണ്ടു വരുന്ന അക്ഷരതെറ്റുകൾ ക്ഷമിക്കുക.
No comments:
Post a Comment